പുത്തൂർ : സുവോളജിക്കൽ പാർക്കിൽ പത്തു പുള്ളിമാനുകൾ തെരുവുനായ ആക്രമണത്തിൽ ചത്ത സംഭവത്തിൽ പാർക്ക് ഡയറക്ടറോടു നേരിട്ട് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു.
ചത്ത മാനുകളെ സംസ്കരിച്ചതിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ നടപടിക്രമങ്ങൾ പാലിക്കാത്തതിനെതിരേ നൽകിയ ഹർജിയിലാണ് ഈ മാസം 25ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ തൃശൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് നന്പർ 3 മജിസ്ട്രേറ്റ് സാന്ദ്ര മേരി നെറ്റോ ഉത്തരവിട്ടത്.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കോടതി നടപടി. മാനുകൾ ചത്ത സംഭവത്തിൽ കേന്ദ്ര സൂ അഥോറിറ്റിക്കു നല്കിയ പരാതി മൂന്നു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് ബോധിപ്പിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ ഹർജി കൊടുത്ത് വാങ്ങിയ മഹസറിന്റെ കോപ്പിയിൽ ചത്ത മാനുകൾക്ക് നായകളുടെ കടിയേറ്റതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
കഴിഞ്ഞ 11 നാണ് സുവോളജിക്കൽ പാർക്കിലെ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കൂടിനോട് ചേർന്നുള്ള എക്സിബിറ്റിലായിരുന്നു മാനുകളുടെ ജഡം. സംഭവത്തെക്കുറിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം നടത്തിവരികയാണ്.